ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
താനാളൂര്‍ ഒരു ചരിത്ര സങ്കേതമാണ്. ഹരിതാഭമായ പുല്‍മേടുകളും ചേതോഹരമായ പുഞ്ചപാടങ്ങളും താനാളൂരിനെ സുന്ദരിയാക്കുന്നു . കാലങ്ങള്‍ക്ക് ശേഷം മെഡിറ്ററേനിയന്‍ വംശജരായ ദ്രാവിഡര്‍ ഇന്ത്യയില്‍ വന്നു തുടങ്ങിയ കാലം ഇവര്‍ കേരളത്തിന്റെ തീരപ്രദേശമായ താനാളൂരില്‍ കടല്‍ മാര്‍ഗ്ഗവും പശ്ചിമഘട്ടത്തിലെ ചുരങ്ങള്‍ തണ്ടി കരമാര്‍ഗ്ഗവും വ്യത്യസ്ഥ സംഘങ്ങളായി ഇവിടെ എത്തി തുടങ്ങി. താനാളൂരിലും തൊട്ടടുത്ത താനൂര്‍ പഞ്ചായത്തിലും പരിസരത്തുമായി ഗ്രാമങ്ങള്‍ സൃഷ്ടിച്ചു. അങ്ങനെ നാഗരിതയ്ക്ക് തിരശ്ശീല പൊങ്ങി. ഇക്കാലത്ത് പ്രാകൃത തമിഴായിരുന്നു സംസാരഭാഷ. വിശാല തമിഴകത്തിന്റെ കൊച്ചു ഭാഗമായ താനാളൂരും പരിസര പ്രദേശങ്ങളും അക്കാലത്ത് ചേരനാടിന്റെ ഭാഗമായിരുന്നു. ഇക്കാലത്തെ സംഘകാലമെന്നും പറഞ്ഞു വരുന്നു. സംഘകാലത്ത് ചേരനാട്, കുട്ടനാട്, വേണാട്, കരക്കനാട്, പൂഴിനാട് എന്നിങ്ങനെ വിവിധ നാടുകളായാണ് കേരളത്തിന്റെ കിടപ്പ്.താനാളൂരിലെ കേരളാധീശ്വരപുരവും തൊട്ടടുത്ത പ്രദേശങ്ങളായ നന്നമ്പ്രയും രായിരിമംഗലവും രാജഭരണവുമായി ബന്ധപ്പെട്ട പേരുകളാണ്.കേരളേശ്വരന്‍ എന്ന രാജാവിന്റെ അധീനതയിലായിരുന്നു കെ.പുരം. അതുകൊണ്ടാണ് ഈ പ്രദേശത്തിന് ആ പേര് വരാന്‍ കാരണമെന്ന് മഹത് വ്യക്തികള്‍ പറയുന്നു. തിരുനാവായ മാമാങ്കം ആരംഭിക്കുന്നതിന് മുമ്പ് രാജാക്കന്‍മാരുടെ സമ്മേളനം നടന്നിരുന്നത് കേരളാധീശ്വരപുരത്താണെന്നും പറയപ്പെടുന്നു. താഴ്ന്ന ഊര് ആയതുകൊണ്ടാണ് താനാളൂരിന് ആ പേര് വന്നതെന്ന് മറ്റ് ചില ചരിത്രകാരന്‍മാര്‍ വെളിപ്പെടുത്തുന്നു. പുരാതനകാലങ്ങളില്‍ ബുദ്ധമതാനുയായികള്‍ ഇവിടെ ജീവിച്ചിരുന്നുവെന്നതിന് തെളിവാണ് ഇവിടങ്ങളിലുള്ള കാവുകള്‍. ബുദ്ധമതാചാര്യന്‍മാര്‍ തങ്ങളുടെ മതപ്രബോധനത്തിന് കാവുകള്‍ തെരഞ്ഞെടുത്തിരിക്കാം. കൂടാതെ തൊട്ടടുത്ത പ്രദേശമായ താനൂരിലെ കുന്നുപുറത്തെ നരിമടയും ഒഴൂരിലെ നെയ്യായികുന്ന് നരിമടയും പഴയകാല ബുദ്ധഗുഹാക്ഷേത്രമാണെന്നും താനാളൂരിന്റെ പ്രാന്തപ്രദേശമായ പുത്തന്‍ തെരുവ് ബുദ്ധന്‍ തെരുവിന്റെ ഭേദമാണ് എന്നും പറയപ്പെടുന്നു. പുത്തന്‍ തെരു എന്നത് ഒരു തെരുവായിരുന്നതിനാല്‍ ആള്‍കൂട്ടങ്ങള്‍ക്കിടയില്‍ പിത്തന പറയുന്നത് ഒരു ശീലമായിരുന്നു എന്നും അങ്ങനെ പിത്തന തെരുവ് എന്ന് മറ്റു പ്രദേശക്കാര്‍ വിളിക്കുകയും അത് ലോപിച്ച് പുത്തന്‍ തെരുവായി മാറുകയും ചെയ്തു. ക്രിസ്തുവര്‍ഷം 420-520 നൂറ്റാണ്ടുകള്‍ക്കിടയിലാണ് കേരളത്തില്‍ബ്രാഹ്മണരുടെ കുടിയേറ്റം എന്നാണ് ചരിത്ര പണ്ഡിതന്‍മാരുടെ അഭിപ്രായം. ഇതനുസരിച്ച് അഞ്ചാം ശതകത്തിലാവാം താനാളൂരിലെ പ്രാന്തപ്രദേശമായ താനൂരിലും ബ്രാഹ്മണാധിവാസം ആരംഭിച്ചതെന്ന് അനുമാനിക്കാം. താനാളൂരിലെയും താനൂരിലെയും വാഴയ്ക്കാതെരുവിനെ ആധാരമാക്കിയാണ് ഇവിടങ്ങളിലെ ബ്രാഹ്മണ കുടുംബങ്ങള്‍ അധിവസിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. 9 ഉം 10 ഉം നൂറ്റാണ്ടുകളില്‍ മഹോദയപുരം (കൊടുങ്ങല്ലൂര്‍) ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള് കേരളത്തില്‍ ഏകീകൃത ഭരണം നടത്തിയിരുന്ന കാലത്താണ് കേരളേശ്വരന്‍ രാജാവ് കേരളാധീശ്വരപുരത്ത് വാഴാന്‍ തുടങ്ങിയത്. കേരളീയരും അറബികളും വ്യാപാരത്തിനായി പൂര്‍വ്വകാല ബന്ധം പുലര്‍ത്തിയിരുന്നു. അറബ് വ്യാപാരികളില്‍ പ്രധാനികള്‍ കേരളത്തില്‍ പ്രവേശിച്ചത് സംബന്ധിച്ച് ചരിത്രങ്ങള്‍ ഇപ്രകാരമാണ്. ഏതാനും അറബികളും പേര്‍ഷ്യക്കാരും അറേബ്യന്‍ തീരത്ത് നിന്നും കപ്പല്‍ കയറി സിലോണിലെ ആദം മലയിലുള്ള ആദമിന്റെ കാലടികള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടതാണത്രേ. വഴിമധ്യേ അവര്‍ കൊടുങ്ങല്ലൂരില്‍ ഇറങ്ങുകയും പോകും വഴി ഇവിടെ നിന്ന് പല സാധനങ്ങളും അവര്‍ കൊണ്ടുപോവുകയും ചെയ്തു. അങ്ങനെ അതൊരു വ്യാപാരത്തിലേക്ക് നയിച്ചു. അക്കാലത്ത് താനാളൂരില്‍ നിന്നും പല സുഗന്ധവിളകള്‍ അവര്‍ കടത്തുകയും ചെയ്തു. അത്തരത്തിലുള്ള പ്രധാന വിളകളാണ് കുരുമുളക്, ഏലം, കശുവണ്ടി തുടങ്ങിയവ. അതിനിടയില്‍ അവര്‍ ഇവിടെ അവരുടെ മതം പ്രചരിപ്പിക്കുകയും ചെയ്തു. ആദ്യം സ്വതന്ത്ര നാട്ടുരാജ്യമായും പിന്നീട് 16ാനൂറ്റാണ്ടിന്റെ മധ്യത്തോടെ സാമൂതിരിയുടെ മേല്‍ക്കോയ്മ അംഗീകരിച്ചും 18ാം നൂറ്റാണ്ട് വരെ വെട്ടത്ത് രാജവംശം ഭരണം നടത്തിയിരുന്നതായും പിന്നീട് രാജവംശം അന്യം നിന്ന് പോയെന്നും പറയപ്പെടുന്നു. ഈ രാജകുടുംബത്തിന്റെ ഭാഗമായിരുന്നു താനാളൂര്‍ പെടുന്ന കേരളാധീശ്വരം. വെട്ടത്തു നാടെന്നും കേരളാധീശ്വരപുരം സ്വരൂപമെന്നും, താനൂര്‍ സ്വരൂപമെന്നും ചരിത്രങ്ങളില്‍ കാണപ്പെടുന്നത് ഈ ഭാഗത്തെയാണ്. വെട്ടം ദേശം കേന്ദ്രമാക്കിയായിരുന്നു ഇവരുടെ ഭരണം. ഇവിടത്തെ രാജാവും സാമൂതിരിയും കൂടിയാണ് ചാലിയത്ത് കോട്ട കെട്ടാന്‍ പോര്‍ച്ചുഗീസുകാര്‍ക്ക് അനുമതി നല്‍കിയിരുന്നത്.പോര്‍ച്ചുഗീസുകാര്‍ താമസിക്കുകയും പിന്നീട് ഫ്രഞ്ചുകാരും, ബ്രിട്ടീഷുകാരും കൈവശപ്പെടുത്തുകയും ചെയ്ത ഒഴിച്ചില്‍ പ്രദേശത്ത് 1546ല്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സന്ദര്‍ശിക്കുകയും ഇവിടെ ഒരു ചെറിയ ക്രിസ്ത്യന്‍ പള്ളി സ്ഥാപിക്കുകയും ചെയ്തു. 1746ല്‍ ഈ പള്ളി കേന്ദ്രമായി മുസ്ളീമുകളും ഇംഗ്ളീഷുകാരും തമ്മില്‍ ഒരു സംഘട്ടനം നടക്കുകയും ഉണ്ടായി.. മുസ്ളീമുകളും മൈസൂര്‍ സുല്‍ത്താന്‍മാരും ഒരു ഭാഗത്തും മറുഭാഗത്ത് ബ്രിട്ടീഷുകാരും സാമൂതിരിയും. കുഞ്ഞാലിമരക്കാരുടെ നേതൃത്വത്തില്‍ മുസ്ളീമുകള്‍ തിരൂരങ്ങാടി കേന്ദ്രമാക്കി ചെറുത്ത് നില്‍പ്പ് ആരംഭിച്ചു. 1790ല്‍ ബ്രിട്ടീഷ് ഈസ്റ്റ്ഇന്ത്യാ കമ്പനിയുടെ കീഴില്‍ ബോംബെ സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോള്‍ താനാളൂര്‍ അതിന്റെ ഭാഗമായിരുന്നു. പിന്നീട് 1801ല്‍ മദിരാശി സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോള്‍ മലബാര്‍ മദിരാശിയുടെ ഭാഗമാകുകയും അതിനെ തുടര്‍ന്ന് താനാളൂര്‍ മദിരാശിയുടെ ഭാഗമാവുകയും ചെയ്തു. ചരിത്രത്തിന്റെ ഭാഗമായ ശിലായുഗത്തിലെ നന്നങ്ങാടികള്‍ താനാളൂരിലെ പലഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ശിലായുഗത്തിലെ ഗുഹാവാസികള്‍ തങ്ങളുടെ ഗുഹാമുഖം അടയ്ക്കാന്‍ ഉപയോഗിച്ചിരുന്ന കുടകല്ലുകള്‍ ഇന്നും പലയിടത്തും ദൃശ്യമാണ്